നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

മഴ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മഴ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

മഴയെപ്പിടിക്കാന്‍

വിദൂരതയിലേക്ക് 
തോണി തുഴയുന്നോരാള്‍ 
പിടി തരാതെ നില്‍ക്കും 
കാര്‍മേഘത്തെ പിടിക്കാന്‍ 
പിടിച്ചു പിഴിഞ്ഞ് 
മഴത്തുള്ളികളാക്കാന്‍
മഴത്തുള്ളി മണ്ണിലലിയും 
പുതുഗന്ധം ശ്വസിക്കാന്‍  
പുതുമഴ തീര്‍ക്കും 
കുഞ്ഞരുവികളില്‍ 
കളിവള്ളമൊഴുക്കിക്കളിക്കാന്‍ 
കളിച്ചു  പനിപിടിച്ചു 
വിറച്ചോന്നു കിടക്കാന്‍ 
പനിക്കുളിരകറ്റാനമ്മയിടും 
ചുക്കുകാപ്പി നുകരാന്‍
നുകര്‍ന്ന് നുകര്‍ന്ന് 
അമ്മതന്‍ കൈച്ചൂ ടില്‍ 
മയങ്ങാന്‍ 
വിദൂരതയിലേക്ക് 
തോണി തുഴയുന്നോരാള്‍ 

2013, ഏപ്രിൽ 10, ബുധനാഴ്‌ച

മഴയുടെ കൂടെ

ചില്ലുജാലകങ്ങല്‍ക്കപ്പുറത്ത് തിമര്‍ത്തു പെയ്യുന്നു വേനല്‍ മഴ , ചുട്ടുപൊള്ളുന്ന ഭൂമിയും എന്‍ മനസ്സിനെയും തണുപ്പിച്ചു കൊണ്ട് .കയ്യിലൊരു കപ്പു ചൂട് ചായയുമായി ആവോളം നുകര്‍ന്നു മണ്ണിന്‍റെ പുതു ഗന്ധം .ആ ഗന്ധം എന്നെ കൈപിടിച്ചു കൊണ്ട് പോയി മഴ പുഴയാക്കുന്ന ഇടവഴികളിലേക്ക് .അവിടെയാണ് ഞാന്‍ കടലാസ്സു തോണി ഒഴുക്കി കളിച്ചത് .കൂട്ടുകാരോടൊത്ത് മഴവെള്ളം തെറുപ്പിച്ചു രസിച്ചത് .ആ വഴികളിലൂടെയാണ്‌ കൂട്ടുകാരോടൊത്ത് കഥ പറഞ്ഞു സ്കൂളില്‍ പോയത് .കടപ്പുല്ല് തേടി നടന്നത് .കണ്ണാരം പോത്തിക്കളിക്കുമ്പോള്‍ ഉരുണ്ടു വീണു മുട്ടു പൊട്ടിയതും ആ വഴിയിലാണ് .ആ മുറിവുണക്കാന്‍ കമ്യുനിസ്റ്റ് പച്ച തേടി നടന്നതും അവിടെയായിരുന്നു .ആ ഓര്‍മകളിലൂടെ ഒഴുകി നടക്കവേ ഒരു പിന്‍ വിളി അമ്മേ .എന്‍റെ പൊന്നുണ്ണി .അവന്‍റെ അമ്മെ വിളി എന്നെ തിരിച്ചു കൊണ്ട് വന്നു എനിക്കും മഴക്കുമിടയിലുള്ള ചില്ല് ജലകത്തിനടുത്തെക്ക് ..


2013, മാർച്ച് 22, വെള്ളിയാഴ്‌ച

മഴ നല്‍കിയത്

മഴയേ നീ പെയ്യുകയയിരുന്നില്ല 
പതിയെ പതിഞ്ഞിറങ്ങുകയായിരുന്നു 
എനിക്കും നിനക്കുമിടയിലെ 
ചില്ലുജാലകങ്ങളില്‍ 
ചിത്രം രചിക്കുകയായിരുന്നു  

ഒരു ഗസല്‍ പോലെയെന്‍ 
മനം കുളിര്‍പ്പിച്ച് വെയിലിനെ 
മുത്തി  മഴവില്ല് വിരിയിച്ചു 
നീ ലാസ്യ നൃത്തമാടുകയായിരുന്നു.

എന്‍ മനസ്സിലെക്കുര്‍ന്നിറങ്ങി 
അസ്വസ്ഥതതയുടെ പൊടിപടലങ്ങ-
ളടിച്ചമര്‍ത്തി കവിതവിത്തുകളെ 
പാകി മുളപ്പിക്കുകയായിരുന്നു

നീയെന്നിലെ കവയിത്രിയെ 
പതിയെ തൊട്ടുണര്‍ത്തുകയായിരുന്നു 
എന്നിലെ ഭാവനക്ക് വര്‍ണച്ചിറകുകള്‍  
നല്‍കി സ്വതന്ത്രയക്കുകയിരുന്നു
നീയെനിക്കെന്നെ കാട്ടിത്തരികയായിരുന്നു


2013, മാർച്ച് 13, ബുധനാഴ്‌ച

മാഞ്ഞു പോയ മഴക്കാഴ്ച്ചകള്‍


സ്കൂള്‍ തുറക്കാനോടിയെത്തും
ജൂണ്‍ മാസത്തിലെ മഴ 

മണ്ണിലുറങ്ങും 
വിത്തുകുഞ്ഞുങ്ങളെ 
വിളിച്ചുണര്‍ത്തി 
പച്ചയുടുപ്പിക്കുന്ന 
എന്‍റെ പ്രിയ  മഴ 

പുത്തനുടുപ്പിലും 
പുത്തന്‍ കുടയിലും
വെള്ളം തെറിപ്പിച്ചു 
കളിക്കും  കുറുമ്പി  

അവളുടെ കുളിരു 
സഹിക്കാതെ എഴുന്നേറ്റു 
ഉറക്കം തൂങ്ങി നില്‍ക്കും 
മഴക്കൂണുകള്‍.

വെള്ളപ്പൊക്കത്തില്‍ 
അഭയാര്‍ഥി കളായി 
ഇലത്തോണിയിലെത്തും 
ഉറുമ്പിന്‍ കൂട്ടം 

കര നിറഞ്ഞൊഴുകും 
പുഴയിലെ 
മീന്‍ തുള്ളലുകള്‍ .

എല്ലാമിന്നോര്‍മ്മകള്‍ മാത്രം 
മാഞ്ഞുപോയ 
മഴക്കാഴ്ച്ചകള്‍


2013, മാർച്ച് 5, ചൊവ്വാഴ്ച

ആകാശത്തിന്‍റെ കരച്ചില്‍


ഒരു മഴക്കാറു കൊണ്ട് മുഖം മറച്ച് 
ആരും കാണാതെ കരഞ്ഞകാശം  
മരിച്ച പുഴയെയോര്‍ത്ത് 

കണ്ണീരാല്‍ കുതിര്‍ന്ന മേഘക്കീറു 
മഴയായ് പെയ്തിറങ്ങി 
അവള്‍ പോലുമറിയാതെ 

കരച്ചിലൊരു നിലവിളിയായ് 
മാറിയപ്പോള്‍ 
മണ്ണിന്‍ മാറിലുറങ്ങിയ വിത്തുകള്‍ 
പച്ചയുടുത്ത് മുകളിലെക്കെത്തി നോക്കി 
കാരണമറിയാന്‍ 

എന്നിക്കിത് കാണാന്‍ വയ്യെന്ന് 
പതുക്കെ മന്ത്രിച്ചു തല താഴ്ത്തി 
ലോലഹൃദയയാം  തൊട്ടാവാടി

ചോരചുവപ്പായിരുന്നു 
ഭൂമിയെ പ്പുല്കിയ
കണ്ണീര്‍ത്തുള്ളികള്‍ക്ക്

വറ്റിയ പുഴ ഞരമ്പുകള്‍ 
കണ്ണീരാല്‍ നിറച്ചവള്‍  
തിരികെയെത്തി തുടിപ്പുകള്‍  
മരിച്ച പുഴയിലേക്ക്


2012, നവംബർ 27, ചൊവ്വാഴ്ച

നൂല്‍ മഴ


നൂല്‍ മഴക്കിടയിലൂടെ 
സുര്യന്‍ എത്തിനോക്കി 
നാണിച്ചൊരു ചെമ്പരത്തി



Translate