നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2013, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

നിറങ്ങള്‍ നഷ്ടപ്പെട്ടവള്‍

നീണ്ട അഗ്രഹാര തെരുവിന്‍റെ 
ഒഴിഞ്ഞ കോണില്‍ 
ഒരു നെടുവീര്‍പ്പുയരുന്നുണ്ട് 
കഴിഞ്ഞ വസന്തം വര്‍ണ്ണങ്ങള്‍ 
കട്ടെടുത്തവളുടെ നെടുവീര്‍പ്പുകള്‍

നിറങ്ങളെ വെള്ളയില്‍  പൊതിഞ്ഞ് 
കുപ്പിവളകള്‍ പൊട്ടിച്ചെറിഞ്ഞ് 
അഴിയിട്ട മുറിയില്‍
അട്യ്ക്കപ്പെട്ടവളുടെ 
നിസ്സഹായതയില്‍ നിന്നുയര്‍ന്ന 
നീണ്ട നെടുവീര്‍പ്പുകള്‍ 

സ്വപ്നങ്ങള്‍ നിറഞ്ഞിരുന്ന 
നീണ്ടമിഴികളിന്നു തികച്ചും   
ശൂന്യമാണ്.
പക്ഷെ ചുണ്ടുകളിലൊരു 
വന്യമായ പുഞ്ചിരി 
മിന്നുന്നുണ്ട് 

വര്‍ണലോകം കൊട്ടിയടച്ച 
ലോകത്തോട്‌ പകരം ചോദിക്കാന്‍ 
അവളുടെ ഒഴിഞ്ഞ കൈത്തന്ടയില്‍ 
ഒരു നീലഞരമ്പ്‌ പിടച്ചു നില്‍പ്പുണ്ട് 
അരികില്‍ നിണം 
ദാഹിച്ച് ഒരു കത്തിയും...........  
  

2013, ഒക്‌ടോബർ 13, ഞായറാഴ്‌ച

കാഴ്ച



ദൂരെയൊരു വീട്ടില്‍ ജന്നല്‍ക്കമ്പികള്‍ 
 തുരുമ്പ് പിടിക്കുന്നതും 
കമ്പിയില്‍ പിടിച്ച കൈകള്‍ക്ക് 
ബലം കുറയുന്നതും
 കമ്പിക്കിടയിലൂടെ നോക്കുന്ന കണ്‍കളില്‍
 പ്രതീക്ഷ  മരിക്കാതെ ജ്വലിക്കുന്നതും
 മാതൃ വാത്സല്യം നുരയുന്നതും
 ഞാന്‍ കാണാതെ കാണുന്നുണ്ട്
 എന്നിട്ടും കണ്ടില്ലെന്നു നടിച്ചു
 കാരണം ബാങ്കില്‍ കുമിയുന്ന
ഡോളറുകള്‍ ആ കാഴ്ച മറച്ചു കൊണ്ടിരുന്നു 



2013, ജൂലൈ 8, തിങ്കളാഴ്‌ച

മൊബൈല്‍ പ്രണയം


എപ്പോളും മുഴങ്ങിയിരുന്ന 
മൊബൈലിനു ഇന്ന് വിശ്രമം 
അമ്മ പറഞ്ഞു 
ഹോ എന്തൊരാശ്വാസം ?

എപ്പോളും ഫോണ്‍ വിളിയിലായിരുന്ന 
എനിക്കിന്നു മൌനം 
മേലുദ്യോഗസ്ടന്‍ ചോദിച്ചു  
നീ നന്നായോ ?

എപ്പോളും ബിസി ടോണ്‍ കേള്‍പ്പിക്കുന്ന 
നമ്പര്‍ ഇന്ന് ബിസിയല്ല 
സുഹൃത്ത് ചോദിച്ചു 
എന്തു പറ്റി ?

ഈ ചോദ്യങ്ങള്‍ക്കുത്തരം 
കിട്ടാനായി ഞാനും 
വിളിച്ചു കൊണ്ടേയിരുന്നു 
ഒരേയൊരു നമ്പറിലേക്ക് .

അപ്പോളൊക്കെ ദൂരെയൊരിടത്ത് 
ഇനിയൊരിക്കലും സംസാരിക്കാനാവാതെ 
ചിതറിത്തെറിച്ചു കിടന്ന ശരീരത്തിനരികെ 
ഒരു മൊബൈല്‍ ഫോണ്‍ മാത്രം 
നിര്‍ത്താതെ അടിച്ചു കൊണ്ടിരുന്നു ..


2013, ജൂൺ 5, ബുധനാഴ്‌ച

ഉണ്ണിക്കവിതകള്‍ (ഹൈക്കു പോയംസ് ) -4

പിടി ദ്രവിച്ച മഴു 
പിടിയിടാനീല്ലൊരു 
മരം പോലും ബാക്കി
==================
ഒറ്റയ്ക്കൊരു കളിപ്പന്ത്‌ 
മഴ നനയുന്നു 
കളിയോഴിഞ്ഞ മൈതാനത്ത് 
=========================
വെയില്‍പ്പൂവുകള്‍
പൊഴിഞ്ഞു കിടപ്പൂ 
മരത്തണലില്‍ 
=========================
സൂര്യനുരുകി 
യൊഴുകുന്നു 
ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ
=========================
കുസൃതിക്കാറ്റ് 
പതിഞ്ഞു പെയ്യുന്ന മഴയെ 
ജലകപ്പഴുതിലൂടകത്തേക്കെറിഞ്ഞ് 
=========================
ചാറ്റല്‍മഴ 
പൊടിമണ്ണില്‍ 
പൂ വിതറി 
=========================
മഴ ചുംബിച്ചുണര്‍ത്തിയെന്‍ 
മടിച്ചു മയങ്ങിയ  
രോമക്കൂട്ടങ്ങളെ 
=========================
പക്ഷി 
കുടഞ്ഞെറിയുന്നു 
പറ്റിപ്പിടിച്ച മഴയെ 
=========================
വെയില്‍ 
മഴപ്പാടുകള്‍ 
മായ്ച്ചു മായ്ച്ചു 
=========================
നിശാഗാന്ധി 
മണംപരത്തുന്നു 
നിലാവൂറ്റിക്കുടിച്ചുന്മത്തയായ്  
=========================
ശവക്കല്ലറ 
മരിച്ച ഇലകള്‍-
ക്കിടയില്‍  മറഞ്ഞ്   

=========================
മഴ 
നിറം മങ്ങിയ ഓടുകളെ 
മുത്തി മുത്തി ചുവപ്പിച്ച് 



2013, ജൂൺ 3, തിങ്കളാഴ്‌ച

ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കള്‍

ഇരുട്ടില്‍
തിളങ്ങുന്നൊരു 
ചെന്നായ് തന്‍ കണ്ണുകള്‍ 
ഇളം മാംസം 
കണ്ട ഉണ്മാദത്താല്‍ .....

അമ്മച്ചൂടില്‍ ഒട്ടിമയങ്ങും 
കുഞ്ഞുപൈതലെ 
കടിച്ചെടുത്ത് 
കുടഞ്ഞെറിഞ്ഞു 
രക്തമൂറ്റിക്കുടിച്ചു 
ഒരു ചെറുമിടുപ്പ് 
ബാക്കിയാമിളം ദേഹം 
കാട്ടിലെറിഞ്ഞു 
ചിറിനക്കിത്തുടച്ചു 
നടന്നകലുന്നാ 
ചെന്നായ്  ......

പിറ്റത്തെ പകലില്‍
ആട്ടിന്‍ തോലണിഞ്ഞു  
കണ്ണീരോഴുക്കാന്‍ 

2013, മേയ് 30, വ്യാഴാഴ്‌ച

ഓര്‍മ്മകള്‍ ദ്രവിക്കുന്നത് അല്ലെങ്കില്‍ പൊടി പിടിക്കുന്നത്‌

ചീന ഭരണി 
തട്ടിന്‍പുറത്ത്
പൊടിപിടിച്ചു 
കൂടെ അമ്മുമ്മയുടെ 
ഓര്‍മകളും 
രുചികളും 

ചാരു കസേര 
പൂമുഖത്ത് 
ദ്രവിച്ചു തുടങ്ങി 
കൂടെ അപ്പൂപ്പന്‍ 
പകര്‍ന്ന 
കഥകളും 
നന്മകളും .

ഞാനൊരമ്മൂമ്മയാവില്ല 
പക്ഷേയൊരു 
ഗ്രാന്‍ഡ്‌മായാകും 
പ്രിയതമന്‍ 
ഗ്രാന്‍ഡ്‌പായും .

എന്നെക്കുറിച്ചുള്ള 
ഓര്‍മ്മകള്‍ 
പൊടിപിടിക്കുന്നത്‌ 
ഒരു നൂഡില്‍സ് 
പായ്ക്കിന് മുകളിലയിരിക്കാം 

എന്‍ പ്രിയതമനെക്കുറിച്ചുള്ള 
ഓര്‍മ്മകള്‍ ദ്രവിക്കുന്നത് 
മൂലയ്ക്ക് ഒതുങ്ങിയ 
ലാപ്ടോപ്പിലായിരിക്കും 

കാരണം നൂഡില്‍സ് 
കൊടുത്തു 
ലാപ്ടോപ്പില്‍ 
പാട്ടും കഥകളും 
കേള്‍പ്പിച്ചായിരിക്കുമല്ലോ
ഞങ്ങളൊക്കെ 
കൊച്ചു മക്കളെ വളര്‍ത്തുന്നത്


2013, മേയ് 17, വെള്ളിയാഴ്‌ച

സുഖമുള്ള ഓര്‍മ്മകള്‍


അപ്പൂപ്പന്‍ എന്നാല്‍ എല്ലാവര്‍ക്കും എങ്ങനെ എന്ന് എനിക്കറിയില്ല .എന്നാല്‍ എനിക്ക് അത് സ്നേഹമുള്ള ഓര്‍മയാണ്  .2006 ഫെബ്രുവരിയിലെ ഒരു തണുത്ത പ്രഭാതത്തിലാണ് പറയാന്‍ ഒരു പാട് കഥകളും ബാക്കിയാക്കി അപ്പൂപ്പന്‍ യാത്രയായത് . ഒരു പാട് കഥകള്‍ പറഞ്ഞു തരുമായിരുന്നു അപ്പൂപ്പന്‍ .അതിലേറെയും മഹാഭാരതത്തിലേയും രാമായണത്തിലെയും കഥകളാണ് .കയ്യിലൊരു പുസ്തകമില്ലാതെ അപ്പൂപ്പനെ ഞാന്‍ കണ്ടിട്ടില്ല. പൂമുഖത്തെ കസേരയില്‍ ഒരു പുസ്തകവും വായിച്ചിരിക്കുന്ന അപ്പൂപ്പനായിരുന്നു ആ വീട്ടിന്‍റെ ഐശ്വര്യം . മുന്‍ ശുണ്ടിക്കാരനായ അച്ഛന്ന്‍റെ എത്രയെത്ര  അടികളില്‍ നിന്നാണെന്നോ അപ്പൂപ്പന്‍  രക്ഷിച്ചിട്ടുള്ളത് . അച്ഛന്‍ വടി എടുക്കുമ്പോലേക്കും 
ഓടി അപ്പൂപ്പന്‍റെ കസേരയുടെ അടിയില്‍ കയറും .പുലി പോലെ വരുന്ന അച്ഛന്‍ എലിയെ പ്പോലെ മടങ്ങിപ്പോകും . എന്‍റെ അനിയന്‍ രഞ്ജിത് നോട് അപ്പൂപ്പന് കുറച്ചു വാത്സല്യക്കൂടുതല്‍ ഉണ്ടായിരുന്നു . അവനായിരുന്നു കുടുബത്തിലെ ആദ്യത്തെ ആണ്‍തരി .അതു കൊണ്ട് തന്നെ അപ്പൂപ്പന്‍റെ അടുത്ത് അവനു ഭയങ്കര അധികാരവുമായിരുന്നു .
വേനലവധി ആയാല്‍ കുട്ടിപ്പട്ടാളങ്ങളെല്ലാം അപ്പൂപ്പന്‍റെ ചുറ്റും കൂടും .കഥ കേള്‍ക്കാന്‍ വേണ്ടി .രാത്രിയിലായിരുന്നു കഥ പറച്ചില്‍ .അത്താഴവും കഴിഞ്ഞു ഞങ്ങള്‍ അപ്പൂപ്പന്‍റെ കട്ടിലില്‍ സ്ഥാനം പിടിക്കും .അപ്പൂപ്പന്‍റെ തൊട്ടു അടുത്തുള്ള സ്ഥാനം രഞ്ജിത് ത്തി നായിരിക്കും .ബാക്കി സ്ഥാനത്തിനാണ് അടിപിടി .ഒടുവില്‍ എല്ലാവരെയും കിടത്തി അപ്പൂപ്പന്‍ കഥ പറച്ചില്‍ തുടങ്ങും .പറഞ്ഞു പറഞ്ഞു കഥ കഴിയുമ്പോ അപ്പൂപ്പന്‍റെ ഒരു ചോദ്യം ഉണ്ട് .ഉറങ്ങിയവര്‍ കൈ പോക്ക് .കേള്‍ക്കണ്ട താമസം എല്ലാവരും കൈ പൊക്കി പിടിക്കും . അതെന്തിനായിരുന്നു എന്ന് ഇന്നും എനിക്കറിയില്ല .
അപ്പൂപ്പന്‍റെ ശിക്ഷാ രീതി ആയിരുന്നു അതിലും രസകരം .ആരെക്കുറിച്ചെങ്കിലും ഒരു പരാതി കിട്ടിയാല്‍ അവരെയും കൂട്ടി അപ്പൂപ്പന്‍ ഇരുട്ട് മുറി എന്ന് ഞങ്ങള്‍ വിളിക്കുന്ന മുറിയിലേക്ക് പോകും . ആ മുറിയില്‍ അധികം വെളിച്ചം ഇല്ലായിരുന്നു .അവിടെച്ചെന്നു അപ്പൂപ്പന്‍ ഉറക്കെ കൈ കൊട്ടും എന്നിട്ട് കരയാന്‍ പറയും . ഇനി ഇങ്ങനെ ചെയ്യുമോ എന്നൊക്കെ ഉറക്കെ ചോദിക്കും .എന്നിട്ട് അടി കിട്ടാത്ത കാര്യം ആരോടും പറയരുതെന്ന് പറയും .പരാതിക്കാരനും സന്തോഷം കുറ്റക്കാരനും സന്തോഷം  .
ഇന്ന് ആ സ്നേഹമുള്ള അപ്പൂപ്പന്‍ ഇല്ല .അപ്പൂപ്പന്‍ അനാഥമാക്കിയ പൂമുഖം ഇന്ന് കാണുമ്പോ ഒരു നൊമ്പരമാണ് . പലപ്പോളും തോന്നാറുണ്ട് വലുതാവേണ്ടിയിരുന്നില്ല എന്ന് .നന്മയും സന്തോഷവും നിറഞ്ഞ ബാല്യത്തില്‍ എന്നും ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍  എന്ന് ..

2013, മേയ് 3, വെള്ളിയാഴ്‌ച

എന്നാലുമെന്‍റെ മഴപ്പെണ്ണേ

ആശകളായിരം  തന്നിട്ട് 
ഒരു വടക്കന്‍ കാറ്റിനെ 
കണ്ടപ്പോ നീ 
കൂടെയിറങ്ങിപ്പോയല്ലോ 
എന്‍റെ മഴപ്പെണ്ണേ 


നിന്‍റെ മഴ മുത്തം 
കിട്ടാന്‍ ആകാശത്തേക്ക് 
നോക്കി  നിന്ന 
എന്നെ പൊടിമണ്ണില്‍ 
കുളിപ്പിച്ചിട്ടാണല്ലോടി 
ആ കള്ളക്കാറ്റ്
നിന്‍റെ കയ്യും പിടിച്ചു 
കൊണ്ട് പോയത്  


എന്നിട്ടും നീയാ 
സഹ്യനെ കണ്ടപ്പോ 
കാറ്റിനെ കളഞ്ഞു 
അവന്‍റെ കൂടെ പോയിന്നു 
കേട്ടൂല്ലൊ 

പിന്നെയും   അവിടെ
ഇടിയും മിന്നലുമൊക്കെ 
കാണിച്ചു നീയെനിക്ക് 
പിന്നെയുമാശ തരുവാണല്ലോ 
കള്ളിപ്പെണ്ണേ  

2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

മഴയെപ്പിടിക്കാന്‍

വിദൂരതയിലേക്ക് 
തോണി തുഴയുന്നോരാള്‍ 
പിടി തരാതെ നില്‍ക്കും 
കാര്‍മേഘത്തെ പിടിക്കാന്‍ 
പിടിച്ചു പിഴിഞ്ഞ് 
മഴത്തുള്ളികളാക്കാന്‍
മഴത്തുള്ളി മണ്ണിലലിയും 
പുതുഗന്ധം ശ്വസിക്കാന്‍  
പുതുമഴ തീര്‍ക്കും 
കുഞ്ഞരുവികളില്‍ 
കളിവള്ളമൊഴുക്കിക്കളിക്കാന്‍ 
കളിച്ചു  പനിപിടിച്ചു 
വിറച്ചോന്നു കിടക്കാന്‍ 
പനിക്കുളിരകറ്റാനമ്മയിടും 
ചുക്കുകാപ്പി നുകരാന്‍
നുകര്‍ന്ന് നുകര്‍ന്ന് 
അമ്മതന്‍ കൈച്ചൂ ടില്‍ 
മയങ്ങാന്‍ 
വിദൂരതയിലേക്ക് 
തോണി തുഴയുന്നോരാള്‍ 

2013, ഏപ്രിൽ 23, ചൊവ്വാഴ്ച

ഉണ്ണിക്കവിതകള്‍ (ഹൈക്കു പോയംസ് ) -3

ചൂടുകല്ലിന്‍  ചുംബനം 
മാവിന്‍റെ ശീല്‍ക്കാരം 
ദോശയുടെ പിറവി   
================
പ്രഭാതസവാരി 
കോടമഞ്ഞിലലിയു
മാള്‍രൂപങ്ങള്‍ 
================
ഗുല്‍മോഹറുകള്‍ 
രാജവീഥികളില്‍ 
പട്ട് വിരിച്ച് 

================
പടക്കം 
പൊട്ടിച്ചിറങ്ങി വന്നു 
ആയിരം വര്‍ണ്ണമിന്നാമിന്നികള്‍ 
================
വിഷാദന്‍ 
ഇലത്തുംമ്പിലൊറുമ്പ് 
ആകാശമിനിയുമകലെ 
================
കടലോരം 
പരസ്പരമോട്ടി 
പ്രണയിനികള്‍ 
================
വഴി വിളക്കില്‍ 
ചുംബിച്ചോടുങ്ങും 
ഈയാംപാറ്റകള്‍ 
================
തിര തിരയുന്നു 
മണലില്‍ മറഞ്ഞ 
മുത്തിനായ് 
================
ചിലന്തിവല 
മഞ്ഞു മുത്തുകള്‍ 
കൊരുത്ത് 
================
മയിലുകള്‍ 
പീലികളില്‍ 
മഴവില്ലോളിപ്പിച്ച് 
=================
കളിമണ്ണ് 
കലമാകുന്നു 
കൈകള്‍ക്കിടയിലൂടെ 
=================
കുമിളകള്‍ 
സ്വതന്ത്രരാക്കി
കല്ലിന്‍ മുങ്ങിമരണം 
=================
കമ്പിത്തിരി 
എരിഞ്ഞോടുങ്ങുന്നു 
കുഞ്ഞിക്കണ്ണുകളില്‍ 
=================

2013, ഏപ്രിൽ 18, വ്യാഴാഴ്‌ച

ഓര്‍മ്മകളിലെ വിഷു

ആകാശപ്പൂത്തിരി
പോട്ടിയമര്‍ന്നു
എനിക്കൊന്നും 
പേടിയില്ലെന്നൊരു 
ഭാവവുമായ്
സാരിത്തലപ്പിനിടയിലൂടെ  
പുറത്തേക്ക് വന്നൊരുണ്ണിത്തല 
ആകാശം തോടാനുയരും 
വാണം കണ്ടുള്‍വലി 
ഞ്ഞകത്തെക്ക് വീണ്ടും 

ഞാനിതെത്ര പടക്കം 
പൊട്ടിച്ചതാഎന്ന   
ഭാവത്തില്‍ 
കത്തിനില്‍ക്കുമൊരു 
മെഴുകുതിരി
ഊതിക്കെടുത്തുന്ന 
കുസൃതിക്കാറ്റ് 

ഞാനിപ്പോ 
പോട്ടിത്തെറിക്കുമെന്നു 
കുഞ്ഞുണ്ണിയെ പേടിപ്പിച്ച 
ഓലപ്പടക്കത്തെ 
ചീറ്റിക്കളഞ്ഞോടി വരുന്ന  
വേനല്‍ മഴ  

പടക്കങ്ങളെല്ലാം പൊട്ടിച്ചു 
ആര്‍ത്തു രസിക്കും 
ഉണ്ണികള്‍ ക്കിടയിലേക്ക് 
ആരിതിനി വൃത്തിയാക്കുമെന്ന്‌ 
പരിഭവിക്കുന്ന  അമ്മ 

പൂത്തു നിന്നൊരു 
കണിക്കൊന്ന 
പൊടിതട്ടിയെടുത്ത  
വിഷുവോര്‍മ്മകള്‍


2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച

ഉണ്ണിക്കവിതകള്‍ (ഹൈക്കു പോയംസ് ) -2

ഇരുളിമയിലലിഞ്ഞു 
രാമഴയുടെ 
വെള്ളി മുത്തുകള്‍
================= വഴി വിളക്കില്‍ 
ചുംബിച്ചോടുങ്ങും 
ഈയാംപാറ്റകള്‍ 
====================
രാമഴ 
വിളക്കില്‍ തെളിഞ്ഞു 
ഇരുട്ടിലലിഞ്ഞു 
=================
ചാരുകസേര 
അനാഥമായ് 
പൂമുഖത്ത്  
വെയില്‍ കായുന്നു 
=================
പപ്പടം 
പൊങ്ങുന്നു എണ്ണയില്‍ 
കൂടെ പൊങ്ങുന്നു
കുഞ്ഞിളം കൈ 
=================
കൊന്നമണിക്കുലകള്‍ 
തിളങ്ങുന്നു 
സ്വര്‍ണ വെയിലില്‍ 
=================
പാദപ്പൂവുകള്‍ 
 മഴ നനഞ്ഞ  
മണ്ണിന്‍ മാറില്‍ 
=================
അനാഥയായ് 
കുഞ്ഞിക്കുട
പുഴ തന്ന ദുഖം 
=================
ചന്ദ്രന്‍ 
പ്രണയാതുരന്‍ 
ആമ്പലുമായ് കുളത്തില്‍
=================
പുതുമഴ
നാണിച്ചു  കളം വരയ്ക്കുന്നു
ജന്നല്‍ പാളിയില്‍ 
==================
വെണ്ണയുരുകുന്നു 
വെയിലിന്‍ 
ചിരിയില്‍


2013, ഏപ്രിൽ 10, ബുധനാഴ്‌ച

മഴയുടെ കൂടെ

ചില്ലുജാലകങ്ങല്‍ക്കപ്പുറത്ത് തിമര്‍ത്തു പെയ്യുന്നു വേനല്‍ മഴ , ചുട്ടുപൊള്ളുന്ന ഭൂമിയും എന്‍ മനസ്സിനെയും തണുപ്പിച്ചു കൊണ്ട് .കയ്യിലൊരു കപ്പു ചൂട് ചായയുമായി ആവോളം നുകര്‍ന്നു മണ്ണിന്‍റെ പുതു ഗന്ധം .ആ ഗന്ധം എന്നെ കൈപിടിച്ചു കൊണ്ട് പോയി മഴ പുഴയാക്കുന്ന ഇടവഴികളിലേക്ക് .അവിടെയാണ് ഞാന്‍ കടലാസ്സു തോണി ഒഴുക്കി കളിച്ചത് .കൂട്ടുകാരോടൊത്ത് മഴവെള്ളം തെറുപ്പിച്ചു രസിച്ചത് .ആ വഴികളിലൂടെയാണ്‌ കൂട്ടുകാരോടൊത്ത് കഥ പറഞ്ഞു സ്കൂളില്‍ പോയത് .കടപ്പുല്ല് തേടി നടന്നത് .കണ്ണാരം പോത്തിക്കളിക്കുമ്പോള്‍ ഉരുണ്ടു വീണു മുട്ടു പൊട്ടിയതും ആ വഴിയിലാണ് .ആ മുറിവുണക്കാന്‍ കമ്യുനിസ്റ്റ് പച്ച തേടി നടന്നതും അവിടെയായിരുന്നു .ആ ഓര്‍മകളിലൂടെ ഒഴുകി നടക്കവേ ഒരു പിന്‍ വിളി അമ്മേ .എന്‍റെ പൊന്നുണ്ണി .അവന്‍റെ അമ്മെ വിളി എന്നെ തിരിച്ചു കൊണ്ട് വന്നു എനിക്കും മഴക്കുമിടയിലുള്ള ചില്ല് ജലകത്തിനടുത്തെക്ക് ..


2013, ഏപ്രിൽ 2, ചൊവ്വാഴ്ച

തൃക്കണ്ണിലെ അഗ്നി

ഹേയ് അഘോരാ
നീയെന്തിനാണ് തൃക്കണ്ണില്‍ 
അഗ്നിയോളിപ്പിച്ചു വച്ചത് 

ഹരിദ്വാറിലെ ശവങ്ങള്‍ 
ചുമന്നു മടുത്തു പരിഭവിച്ചു 
ഹിമവാ ന്‍റെ മടിത്തട്ടില്‍ 
ഒഴുകാന്‍ മടിച്ചു 
ഉറഞ്ഞു ഉറങ്ങിക്കിടക്കുന്ന 
ഗംഗയെ ചൂട് നല്‍കിയുണര്‍ത്താനാണോ 

 അപമാനത്താല്‍ 
അഗ്നിയെപ്പുണര്‍ന്നു 
മാഞ്ഞുപോയ 
പ്രിയതമയുടെ 
ഓര്‍മയ്ക്കയാണോ 

അതോ
പാതിവ്രത്യത്തിന്‍റെ 
പാവനമാം ചരടുകള്‍ 
കാമശരങ്ങളെല്‍പ്പിച്ചു 
പൊട്ടിച്ചെറിയുവാന്‍ 
തക്കം പാര്‍ത്ത് നടക്കും 
കാമദേവനെ ഭാസ്മീകരിക്കണോ 

അതുമല്ലെങ്കില്‍ പറയൂ 
എന്തിനാണ് നീ 
തിരുനെറ്റിയിലൊരു
തീക്കുണ്ഡവുമായി നടക്കുന്നത്


2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

വേട്ടപ്പട്ടികളുടെ മുരള്‍ച്ച


പെണ്ണ് നടക്കുന്നതും ചിരിക്കുന്നതും 
ഭൂമി പോലുമാറിയരുതെന്ന്
അമ്മ പറഞ്ഞിരുന്നതിന്റെ പൊരുള്‍ 
കാലമെനിക്ക് കാട്ടിത്തന്നു

ഒരു പെണ്ണനക്കത്തിനായി  
കാതോര്‍ത്തിരിക്കുന്ന 
വേട്ടപ്പട്ടികള്‍ ചുറ്റിനുമുണ്ടെന്നു 
അമ്മക്കറിയമായിരുന്നു

കാരണം അമ്മയുമൊരു 
പെണ്ണായിരുന്നല്ലോ 
വെട്ടപ്പട്ടികൾ   കാണാതെ
പതുങ്ങി ജീവിച്ച 
പാവം  പെണ്ണ് 

ഇന്നെനിക്കുമൊരു മകളുണ്ട്
തുള്ളിചാടി നടക്കുകയും 
നുണക്കുഴി കാട്ടി 
ഉറക്കെ ചിരിക്കുകയും 
ചെയ്യുന്നവൾ 

അവളുടെ ഓട്ടവും 
നൃത്തവും പൊട്ടിച്ചിരിയും 
എന്നിലെ അമ്മയെ 
സന്തോഷിപ്പിക്കാറുണ്ട്

എങ്കിലും ഇപ്പോളെന്‍റെ  സ്വപ്നങ്ങളില്‍  നിറയെ 
വേട്ടപ്പട്ടികളുടെ മുരള്‍ച്ചയാണ് 
അവ എന്റെ  മകളുടെ ചിരി 
കട്ടെടുക്കുന്നതും 
ഇളം പാദങ്ങൾ 
കടിച്ചു കീറുന്നതുമാണ് 

അവളുടെ ചിരിയഴകിനെ  എന്തിട്ടാണ് 
ഞാന്‍ പൊത്തി വയ്ക്കുക
അവളുടെ താളമിടുന്ന  കാലുകളെ
എങ്ങിനെയാണ് ഒളിപ്പിക്കുക 

ഉണ്ണിക്കവിതകള്‍ (ഹൈക്കു പോയംസ് ) - 1

കാറ്റത്താടും
മാമ്പഴം
കൂടെയാടുന്നു കണ്ണുകള്‍ 
========================
എന്‍ കൈവിരലാല്‍ 
പാളം തെറ്റും 
ഉറുമ്പ് തീവണ്ടി
==============
സൂര്യ ചുംബനം 
ചുവന്നു തുടുത്ത് 
മാജിക് റോസ
=================
ഇടവഴി 
കാറ്റിനു പുറകെയോടുന്നു 
കരിയിലക്കൂട്ടം 
=================

മരിച്ച നിളയുടെ ഓര്‍മയുമായ്‌ 
പുഴക്കഷ്ണങ്ങള്‍ 
ട്രെയിന്‍കാഴ്ച

==================
തൃസന്ധ്യ 
ചുവന്നുതുടുത്തൊരു ഓറഞ്ച് 
കടലില്‍ മുങ്ങിപ്പോയി
==================
മരങ്ങള്‍ക്കിടയിലുടെ 
ടോര്‍ച്ചു മിന്നിച്ചു കളിക്കുന്നു 
ബാലര്‍ക്കന്‍
==================
അലസ രാവ് 
മഞ്ഞു പൂക്കള്‍ പെയ്യുന്നു 
കൂടെ നിലാവും 

=================

വഴിയരുകില്‍ ശ്വാസം വലിക്കുന്നൊരു വിഴുപ്പുഭാണ്ഡം 
അരികിലൊരു പിച്ചച്ചട്ടിയും 
വാറു പൊട്ടിയ വള്ളിച്ചെരുപ്പും

================
http://mydreams-renju.blogspot.in/2013/04/blog-post.html

2013, മാർച്ച് 26, ചൊവ്വാഴ്ച

വേട്ടപ്പട്ടികളുടെ മുരള്‍ച്ച


പെണ്ണ് നടക്കുന്നതും ചിരിക്കുന്നതും 
ഭൂമി പോലുമാറിയരുതെന്ന്
അമ്മ പറഞ്ഞിരുന്നതിന്റെ പൊരുള്‍ 
കാലമെനിക്ക് കാട്ടിത്തന്നു

ഒരു പെണ്ണനക്കത്തിനായി  
കാതോര്‍ത്തിരിക്കുന്ന 
വേട്ടപ്പട്ടികള്‍ ചുറ്റിനുമുടെന്നു 
അമ്മക്കറിയമായിരുന്നു

കാരണം അമ്മയുമൊരു 
പെണ്ണായിരുന്നല്ലോ 
വെട്ടപ്പട്ടികൾ   കാണാതെ
പതുങ്ങി ജീവിച്ച 
പാവം  പെണ്ണ് 

ഇന്നെനിക്കുമൊരു മകളുണ്ട്
തുള്ളിചാടി നടക്കുകയും 
നുണക്കുഴി കാട്ടി 
ഉറക്കെ ചിരിക്കുകയും 
ചെയ്യുന്നവൾ 

അവളുടെ ഓട്ടവും 
നൃത്തവും പൊട്ടിച്ചിരിയും 
എന്നിലെ അമ്മയെ 
സന്തോഷിപ്പിക്കാറുണ്ട്

എങ്കിലും ഇപ്പോളെന്‍റെ  സ്വപ്നങ്ങളില്‍  നിറയെ 
വേട്ടപ്പട്ടികളുടെ മുരള്‍ച്ചയാണ് 
അവ എന്റെ  മകളുടെ ചിരി 
കട്ടെടുക്കുന്നതും 
ഇളം പാദങ്ങൾ 
കടിച്ചു കീറുന്നതുമാണ് 

അവളുടെ ചിരിയഴകിനെ  എന്തിട്ടാണ് 
ഞാന്‍ പൊത്തി വയ്ക്കുക
അവളുടെ താളമിടുന്ന  കാലുകളെ
എങ്ങിനെയാണ് ഒളിപ്പിക്കുക 




2013, മാർച്ച് 22, വെള്ളിയാഴ്‌ച

മഴ നല്‍കിയത്

മഴയേ നീ പെയ്യുകയയിരുന്നില്ല 
പതിയെ പതിഞ്ഞിറങ്ങുകയായിരുന്നു 
എനിക്കും നിനക്കുമിടയിലെ 
ചില്ലുജാലകങ്ങളില്‍ 
ചിത്രം രചിക്കുകയായിരുന്നു  

ഒരു ഗസല്‍ പോലെയെന്‍ 
മനം കുളിര്‍പ്പിച്ച് വെയിലിനെ 
മുത്തി  മഴവില്ല് വിരിയിച്ചു 
നീ ലാസ്യ നൃത്തമാടുകയായിരുന്നു.

എന്‍ മനസ്സിലെക്കുര്‍ന്നിറങ്ങി 
അസ്വസ്ഥതതയുടെ പൊടിപടലങ്ങ-
ളടിച്ചമര്‍ത്തി കവിതവിത്തുകളെ 
പാകി മുളപ്പിക്കുകയായിരുന്നു

നീയെന്നിലെ കവയിത്രിയെ 
പതിയെ തൊട്ടുണര്‍ത്തുകയായിരുന്നു 
എന്നിലെ ഭാവനക്ക് വര്‍ണച്ചിറകുകള്‍  
നല്‍കി സ്വതന്ത്രയക്കുകയിരുന്നു
നീയെനിക്കെന്നെ കാട്ടിത്തരികയായിരുന്നു


2013, മാർച്ച് 13, ബുധനാഴ്‌ച

ഹൈക്കു കവിതകള്‍

കളി കഴിഞ്ഞു 
ചായം കഴുകും 
കഥകളിക്കാരന്‍ അസ്തമയ സൂര്യന്‍
==========
കുളത്തില്‍ കാല്‍ വഴുതി 
വീണോരമ്പിളി 
പൊട്ടിച്ചിതറിച്ചോരു തവളച്ചാട്ടം

===========
വിണ്ണിന്‍ പുടവ-
യഴിഞ്ഞു വീഴുന്നു 
മഴയായ് മണ്ണിലലിയാന്‍ 
==========
എന്‍ കൈകളിലൊതുങ്ങാതെ 
യൊരു മഴയുര്‍ന്നു 
താഴേക്ക്‌ 
===============

മേഘത്തിന്‍ കെട്ടഴിഞ്ഞു 
മഴനൂലുകള്‍ 
താഴേക്ക്‌ 
=================
ഒരു കുതിപ്പ് 
കുളത്തി നൊരായിരം വളകള്‍ 
പൊന്‍ മാനിനൊരു മീനും
===============
ഇലത്തോണിയിലൊരു 
ഉറുമ്പിന്‍ കൂട്ടം 
അഭയാര്‍ഥികള്‍
===============
തിളച്ചു തൂവി 
കരിഞ്ഞൊരു നിലാവ് 
അമാവാസി
===============
മിന്നല്‍പ്പിണറുകകള്‍ 
നക്കിക്കുടിച്ചു 
മണ്ണിന്‍ വെളിച്ചം
===============
അരിമണികള്‍ വിതറും
കുഞ്ഞിളം കൈ
അതിന്നടിയിലൊരു മീന്‍ തുള്ളല്‍ 

=====================
വെയില്‍പ്പൂക്കള്‍ 
മഴനൂലാല്‍ കോര്‍ത്തൊരു
 മാരിവില്ല്
==================
വെയില്‍ സൂചി 
മഴനൂലാല്‍ തുന്നിയ 
കുറുക്കന്‍റെ കല്യാണപ്പന്തല്‍
=================
അരിമണികള്‍ വിതറും
കുഞ്ഞിളം കൈ 
അതിന്നടിയിലൊരു മീന്‍ തുള്ളല്‍
==================
കാന്‍സര്‍ ആയി വേനല്‍ 
രോഗിയായി പുഴ 
കാരണമായി മനുഷ്യനും
==============

മാഞ്ഞു പോയ മഴക്കാഴ്ച്ചകള്‍


സ്കൂള്‍ തുറക്കാനോടിയെത്തും
ജൂണ്‍ മാസത്തിലെ മഴ 

മണ്ണിലുറങ്ങും 
വിത്തുകുഞ്ഞുങ്ങളെ 
വിളിച്ചുണര്‍ത്തി 
പച്ചയുടുപ്പിക്കുന്ന 
എന്‍റെ പ്രിയ  മഴ 

പുത്തനുടുപ്പിലും 
പുത്തന്‍ കുടയിലും
വെള്ളം തെറിപ്പിച്ചു 
കളിക്കും  കുറുമ്പി  

അവളുടെ കുളിരു 
സഹിക്കാതെ എഴുന്നേറ്റു 
ഉറക്കം തൂങ്ങി നില്‍ക്കും 
മഴക്കൂണുകള്‍.

വെള്ളപ്പൊക്കത്തില്‍ 
അഭയാര്‍ഥി കളായി 
ഇലത്തോണിയിലെത്തും 
ഉറുമ്പിന്‍ കൂട്ടം 

കര നിറഞ്ഞൊഴുകും 
പുഴയിലെ 
മീന്‍ തുള്ളലുകള്‍ .

എല്ലാമിന്നോര്‍മ്മകള്‍ മാത്രം 
മാഞ്ഞുപോയ 
മഴക്കാഴ്ച്ചകള്‍


2013, മാർച്ച് 5, ചൊവ്വാഴ്ച

ആകാശത്തിന്‍റെ കരച്ചില്‍


ഒരു മഴക്കാറു കൊണ്ട് മുഖം മറച്ച് 
ആരും കാണാതെ കരഞ്ഞകാശം  
മരിച്ച പുഴയെയോര്‍ത്ത് 

കണ്ണീരാല്‍ കുതിര്‍ന്ന മേഘക്കീറു 
മഴയായ് പെയ്തിറങ്ങി 
അവള്‍ പോലുമറിയാതെ 

കരച്ചിലൊരു നിലവിളിയായ് 
മാറിയപ്പോള്‍ 
മണ്ണിന്‍ മാറിലുറങ്ങിയ വിത്തുകള്‍ 
പച്ചയുടുത്ത് മുകളിലെക്കെത്തി നോക്കി 
കാരണമറിയാന്‍ 

എന്നിക്കിത് കാണാന്‍ വയ്യെന്ന് 
പതുക്കെ മന്ത്രിച്ചു തല താഴ്ത്തി 
ലോലഹൃദയയാം  തൊട്ടാവാടി

ചോരചുവപ്പായിരുന്നു 
ഭൂമിയെ പ്പുല്കിയ
കണ്ണീര്‍ത്തുള്ളികള്‍ക്ക്

വറ്റിയ പുഴ ഞരമ്പുകള്‍ 
കണ്ണീരാല്‍ നിറച്ചവള്‍  
തിരികെയെത്തി തുടിപ്പുകള്‍  
മരിച്ച പുഴയിലേക്ക്


2013, മാർച്ച് 1, വെള്ളിയാഴ്‌ച

പ്രണയം പൂത്ത കല്‍പ്പടവുകള്‍


എന്‍റെ പ്രണയം മരിച്ചു വീണ 
കല്‍പ്പടവുകളിലേക്കൊരു യാത്ര പോയി 
ഒരു മനോയാത്ര 

ആ കല്‍പ്പടവുകളിലായിരുന്നു 
കണ്ണുകളില്‍ നിറയെ പ്രണയവുമായ്‌   
നീ എന്നെ കാത്തു നിന്നിരുന്നത് 

അതെ കല്‍പ്പടവുകളില്‍ വച്ചായിരുന്നു 
ആ  പ്രണയം കണ്ടിട്ടും 
കണ്ടില്ലെന്നു ഭാവിച്ചു ഞാന്‍ നടന്നകന്നത്‌ 

അവിടെ നിന്നു തന്നെയായിരുന്നു
നിന്‍റെതല്ലാത്ത ഒരായിരം പ്രണയലേഖനങ്ങള്‍ 
എന്നെ തേടി വന്നത് 

പക്ഷെ അതിലെ പ്രണയങ്ങള്‍ 
നിന്‍റെതു  പോലെ 
ആഴമുള്ളവയായിരുന്നില്ല  

അത് തിരിച്ചറിഞ്ഞപ്പോള്‍ 
എന്നില്‍ പ്രണയം ജനിച്ചിരുന്നു 
അതിന്നവകാശി നീ മാത്രയായിരുന്നു 

എന്‍റെ പ്രണയവും നിന്‍റെ പ്രണയവും 
നമ്മുടെ പ്രണയമാക്കാന്‍ 
ഞാന്‍ നിന്നെ തേടി വന്നു 
അതേ  കല്‍പ്പടവില്‍ 

പക്ഷെ ഞാനവിടെ കണ്ടത് 
എന്നെ പ്രതീക്ഷിച്ചു നില്‍ക്കുന്ന നിന്നെയല്ല 
ഒരു അനുശോചന പോസ്ടരിലെ നിന്നെയായിരുന്നു 

അത് കണ്ട മാത്രയില്‍  മരിച്ചു വീണു
എന്‍റെ നവജാത പ്രണയം
ജനിച്ച അതെ കല്‍പ്പടവില്‍.
അതിന്നു കൂട്ടായി എന്‍റെ കണ്ണില്‍ നിന്നുതിര്‍ന്ന 
കണ്ണീര്‍ത്തുള്ളികള്‍ മാത്രം....  .



2013, ഫെബ്രുവരി 23, ശനിയാഴ്‌ച

കുറ്റം ചെയ്തവള്‍

അവര്‍ നിന്നെ കൂട്ടിലടച്ച്
തൊട്ടു തലോടി 
രസിച്ചു 
പിന്നെ വിചാരണക്കൂട്ടില്‍ 
തോലിരിഞ്ഞു 
കളഞ്ഞു 
മസലക്കൂട്ടു ചേര്‍ത്ത് 
പത്രത്താളുകളില്‍ 
വിളമ്പി 
എന്നിട്ടിപ്പോ കോഴിക്ക് 
രുചി പോരെന്ന് ....

കുറ്റം 
തൊട്ടു തലോടിയവരുടെയോ 
തോലുഞ്ഞവരുടെയോ 
മസാല ചേര്‍ത്ത വരുടെയോ അല്ല 
നിന്‍റെ മാത്രമാണ് ....
അവര്‍ക്ക് വേണ്ടി 
പൊന്‍ മുട്ടയിട്ടു കൊടുത്ത 
നിന്‍റെ മാത്രം ....



2013, ഫെബ്രുവരി 13, ബുധനാഴ്‌ച

പേരു നഷ്ടപ്പെട്ടവള്‍ ..മുഖവും



എനിക്കൊരു 
മുഖം വേണം
ഉയര്‍ത്തിപ്പിടിക്കാന്‍ 
ഒരുങ്ങി നടക്കാന്‍ 
ഉണ്ടായിരുന്നത്
മോശമായിപ്പോയ്  
ഒരു പ്രണയദിനത്തില്‍ ....
ഞാനൊരു ഇരയായ  നാളില്‍  

തുറന്നു കാണിക്കാന്‍ 
പറ്റാത്ത വിധം 
മൂടപ്പെട്ടെന്‍ മുഖം 
ആ നാള്‍  മുതല്‍ ...
ഇരയുടെ മുഖമെങ്ങനെ 
വെളിച്ചം കാണും ..
ഇരയുടെ പേരെങ്ങനെ 
പുറത്ത് പറയും 
അവളോരിര  മാത്രമാണ് 

പേരില്ലാത്തവള്‍ 
മുഖമില്ല ത്തവള്‍ 
അവളുടെ പേരും 
മുഖവും കീറിക്കളഞ്ഞവര്‍ 
വാഴുന്ന ലോകത്ത് 
അവളിനി പേരില്ലാതെ 
മുഖമില്ലാതെ ............ 


2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

കുറും കവിതകള്‍


പഞ്ഞി മേഘങ്ങളില്‍ നിന്നും 
മഴനൂല്‍ നൂല്ക്കുന്നു 
നീലാകാശം..

============

 മഴ 
ഒഴുകുകയാണ് 
പുഴയായ് 
===============
മൗനം നിറഞ്ഞൊഴുകുന്നു 
അതില്‍ മുങ്ങിക്കുളിച്ചു 
നീയും ഞാനും 
================

പച്ചിലയുടെ 
പച്ച കട്ടെടുത്ത് 
ശിശിരം
പകരമൊരു 
മഞ്ഞപ്പട്ടുചേല
മൂടി 

2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

താമരയുടെ പ്രണയം .. ആമ്പലിന്‍റെയും


ഏകാകിയായസൂര്യനെ
കാത്തിരിപ്പൊരു
താമര  
തുഷരബിന്ദുവും 
കവിളിലണിഞ്ഞ്
നമ്രമുഖിയായി 
അമ്പലക്കുളത്തില്‍ 

ഓരോ പ്രഭാതങ്ങളിലും ... 
ഒരു സൂര്യകടക്ഷം മാത്രം 
മോഹിച്ചു തലയും 
കുമ്പിട്ടു കാത്തു നിന്നു
പാവമാ നാടന്‍ പെണ്ണ് 

സൂര്യന്‍റെ നോട്ടമെന്നും 
പടിഞ്ഞാറോട്ടായിരുന്നു  
അവിടെ തന്നെയും കാത്തു 
സൂര്യസ്നാനത്തിനായി 
പഞ്ചാര  മണലില്‍  കിടക്കുന്ന 
വെളുത്ത മേനികളിലായിരുന്നു 

പുശ്ച്ചമായിരുന്നവന് 
താമരയുടെ ചുവന്നു 
തുടുത്ത മേനിയോടും 
ചേറ്  മണത്തോടും 

അപ്പോളുമവനോര്‍ത്തില്ല  
വെളുത്ത മേനികള്‍ 
ചന്ദ്രന് വേണ്ടിയും  
കാത്തിരിക്കാറുണ്ടെന്നു 

ആമ്പലിന് മാത്രം മനസ്സിലായി 
താമരയുടെ മനസ്സുരുക്കത്തിന്‍റെ 
ആഴം 
അവളും പ്രണയിച്ചിരുന്നല്ലോ 
രാവിന്‍റെ രാജാവിനെ 
ചന്ദ്രനെ ...

ഒരായിരം താര റാണി മാരോട്
കിന്നാരം പറഞ്ഞിരിക്കുന്ന 
ചന്ദ്രനെവിടെ  നേരം
ആമ്പലിനെ പ്രണയിക്കാന്‍

കാത്തിരി പ്പൂ 
സഖിമാരിന്നും 
രാവിലുറങ്ങതെയാമ്പലും 
പുലരിയിലെഴുന്നേറ്റ്  താമരയും


2013, ജനുവരി 23, ബുധനാഴ്‌ച

വെയില്‍


വെയില്‍ വലിച്ചൂറ്റി
കുടിക്കുന്നു പുഴയെ
മഴയായ് പെയ്തിറങ്ങാന്‍
അരുതേ എന്ന് നിലവിളിച്ചു
പിടയുന്നൊരു പാവം പുഴ

പുഴയുടെ നിലവിളി
കേട്ടിട്ട് കേട്ടില്ലെന്നു
നടിച്ചു മഴമോഹത്തല്‍
ബധിരനായ വെയില്‍
ആഴ്ത്തിയിറക്കി
ചുട്ടു പഴുത്ത ദ്രംഷ്ടകള്‍
പുഴയുടെ
നിറഞ്ഞ മാറിലേക്ക്‌

പുഴ ഞരമ്പുകളെ
പൊട്ടിച്ചെറിഞ്ഞു
അവസാന തുള്ളിയും
ഊറ്റിക്കുടിച്ചു
 മഴമോഹം  കൊണ്ട്
 ഉന്‍മാദിയായ
വെയില്‍ കൊലച്ചിരി
ചിരിക്കുന്നു

ബാക്കി വച്ചില്ല
പുഴയുടെ ഒരിറ്റു
കണ്ണീര്‍ പോലും

തുള്ളികളെല്ലാം വലിചൂറ്റി
പുതുമഴയവാന്‍ കാത്ത്
മരിച്ച പുഴയുടെ
ഉണങ്ങിയ മാറില്‍
മയങ്ങിക്കിടന്ന വെയിലിനെ
തേടി വന്നു
പ്രതികാര ദാഹവുമായൊരു
 പേമാരി
അമ്മപ്പുഴയുടെ മരണത്തിന്നു
കണക്കു ചോദിയ്ക്കാന്‍

വിഴുങ്ങി ക്കളഞ്ഞു പേമാരി
വെയിലിനെ
കൂടെ കൊടുത്തു
വെയില്‍ വിഴുങ്ങിയ
അമ്മപ്പുഴക്ക്‌ പുനര്‍ജ്ജന്മം






2013, ജനുവരി 10, വ്യാഴാഴ്‌ച

തലകള്‍ ഉരുളുമ്പോള്‍


ഒരു തല ഉരുണ്ടു നടക്കുന്നു
ഉടലിനെ തേടി
ഒളിച്ചിരുന്ന ഉടല് പറഞ്ഞു
ഞാന്‍ പോകില്ല പോകില്ല
കണ്ണില്ലാത്ത തലയെ
വേണ്ട പോലും

ഞാനിതെത്ര കണ്ടതാ
എന്ന് ഭാവത്തില്‍
മുഖം തിരിച്ചു നിന്നു
ക്ലിയോപട്രയുടെ
മുഖമുള്ള കശ്മീര്‍

കണ്ണില്ലേലെന്താ  ഉടലേ
ചക്രമുണ്ടല്ലോ
ഒന്നല്ല രണ്ടു ചക്രങ്ങള്‍
ഒന്ന് ഗാന്ധിത്തല ഉള്ളത്
മറ്റൊന്ന് കീര്‍ത്തിചക്ര

നീ തലയുടെ
കൂടെച്ചേരുമ്പോള്‍
വേറൊരു ചക്രം കൂടി
പൂ കൊണ്ടുള്ളത്

അത് തലയില്‍ വയ്ക്കില്ല
ഉടലേ നിനക്ക് സ്വന്തം

തീര്‍ന്നില്ല സമ്മാനങ്ങള്‍
ആചാര വെടിയുമുണ്ടത്രേ
ഒന്നല്ല മൂന്നു റൗണ്ട് .

നിന്നെ കാണാതെ
ഓടിനടക്കുന്നു തല
പത്രത്താളുകളില്‍
ചാനലുകളില്‍
കണ്ടില്ലേ നീ
ഒന്ന് ചേര്‍ന്നിരിക്കു നീ
വെക്കട്ടെ വേടി
കിട്ടട്ടെ ചക്രങ്ങള്‍

2013, ജനുവരി 9, ബുധനാഴ്‌ച

മൗനത്തില്‍ മുങ്ങിയ പ്രണയം


മൗനം നിറഞ്ഞൊഴുകുന്നു 
അതില്‍ മുങ്ങിക്കുളിച്ചു 
നീയും ഞാനും 

ഇളം  കാറ്റിലിളകിയ 
നിന്‍റെ മുടിയിഴകള്‍ 
എന്നെ തഴുകുന്നുണ്ടായിരുന്നു 

എന്‍റെ  കണ്ണകള്‍ 
നിന്‍റെ കണ്ണുകളില്‍  കൊരുത്തു കിടന്നു 
കെട്ടഴിക്കാനാവാതെ...  

രാത്രിയെത്ര സുന്ദരമാണ് 
പ്രണയസാന്ദ്രമാണ് 
നീയെന്‍റെ അരികിലുള്ളപ്പോള്‍

നമുക്കു പുറകിലൊരു  നിലാവ് 
ഒളിച്ചു കളിക്കുന്നു 
ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ 

എവിടുന്നോ ഒഴുകി വന്നു 
പാലപ്പൂവി ന്‍റെ മണം
പ്രണയം തകര്‍ന്ന 
പാവമൊരു യക്ഷിയുടെ 
ആശിര്‍വാദം പോലെ


അതിനിടയില്‍ എവിടുന്നോ 
ടോര്‍ച്ചും തെളിച്ചു വന്നു
മിന്നാമിന്നി 
സദാചാര പോലീസിന്‍റെ  
ഭാവത്തില്‍  

അവനെന്തു രഹസ്യമാണ്  
നന്ദ്യാര്‍വട്ടത്തിനോടു 
പറഞ്ഞത് 
നമ്മളെക്കുറിച്ചാണോ


ദൂരെയൊരു കോഴിയുടെ 
ഓര്‍മ്മപ്പെടുത്തല്‍ 
പുലരിയിങ്ങെത്തിയെന്നു 
ഒരു വേര്‍പിരിയലിന് 
സമയമായെന്ന് 

ഈ ഘടികാര സൂചി 
ഇങ്ങനെ ഓടുന്നതെന്തിനാണ് 
കളഞ്ഞു പോയ പ്രണയത്തെ 
നോക്കിയാണോ 

അതോ ഇനിയും കിട്ടാത്ത 
പ്രണയത്തെ 
തിരക്കിയോ 


Translate